എനിഗ്മ

രാഹുൽ ഗോവിന്ദ് 

കേൾപ്പിക്കേണ്ടത് രാത്രികളുടെ കറുത്ത സംഗീതമായിരുന്നു.

അസ്വസ്ഥതയുടെ പുണ്യാളന്മാർ ഇരുട്ടിൽ, കല്ലറകൾ തള്ളിത്തുറന്ന് നഗരത്തിലേക്കിഴഞ്ഞു.

കാലാകാലമയി തോരാതെ അടിമകളെനിരത്തിയ വിശ്വാസമെന്ന ഒറ്റക്കൊമ്പൻ.

ഭാവിയെപ്പറ്റി,അതീതമായ ആഭിചാരങ്ങളെപ്പറ്റിയിള്ള ഭയം,

അധികാരത്തിന്റെ ചലമൊലിക്കുന്ന പല്ല്.

ലോകത്തിലെ  ഏറ്റവുംവിനാശകാരിയായ ആയുധം വാക്കുകളായിരുന്നു ,ആദ്യം മുതലേ ഏറ്റവും ആഴത്തിൽ തുളച്ചത്.

പതിഞ്ഞ താളത്തിൽ തെറിച്ചു തുടങ്ങിയ ഗിത്താർ കമ്പികളിൽ നിന്നുംരക്തം തുളുമ്പുന്നു.

ഇടവേളകളിലെ നിശബ്ദതയിലിടപെടുന്ന ആദിമമായ രൂപങ്ങളുടെ നിഴലുകൾ,

അവസാനത്തെ ആർത്തിക്കാരനും ഉഴുതുമറിച്ചതിനു ശേഷമുള്ള വേശ്യയുടെ മടുപ്പുപോലെ മന്ത്രോച്ചാരണങ്ങൾ,അപസ്വരങ്ങൾ.

നഗരത്തിലെ ഒഴിഞ്ഞ മൂലകളിലെ നിരാശയെനട്ടുപിടിപ്പിച്ച വാക്കുകൾ ,

വിചിത്രമായ നിർവ്രിതികൾ പുരാതനമായ വേരുകളിൽ നിന്നും പടർന്നെത്തിയ ബിംബങ്ങളുടെ ചലനം.

പക്ഷാപാതം കാണിക്കുന്ന ഓർമ്മ ഭയങ്ങളെ ഒളിച്ചുകടത്തുന്നു,

ഇരുട്ടിറങ്ങിയ വായകളെ അനുഗ്രഹിക്കുന്നു.

നിരുപദ്രവകരമായ ചില കാര്യങ്ങളുടെ മാത്രം ദൈവം ഒന്നും ചെയ്യാനില്ലാത്തതു കാരണം പാട്ടിൽ നിന്നിറങ്ങിപ്പോകുന്നു

ബലിക്കല്ലുകളുടെ മണമവശേഷിക്കുന്ന കൈകൾനടത്തിയ നീണ്ട തിരുത്തലുകൾ,

ഉടച്ചുവാർക്കലുകകൾ

വെളുത്തുള്ളി പിഴിഞ്ഞിട്ട ശബ്ദമുള്ള പെൺകുട്ടി

വിരാമമില്ലാതെ മരണത്തെപ്രതിയുള്ള അറിവും വിതറി പറന്നു നടക്കുന്ന പരസ്യ വണ്ടി