'തനി 'യാവർത്തനം

രമ്യ സഞ്ജീവ് 

കൃത്യം പത്തിന്
കോണ്ടം ഡിസ്പോസലിനു ശേഷം അവന്റെ ചോദ്യം
"ഹൗ ഡു യു ഫീൽ ?"

കൃത്യം പത്ത് രണ്ടിന് ...
തുടകളടുപ്പിച്ച ശേഷം അവളുടെ ഉത്തരം
"ദ സെയിം ".

അവളുടെ അതിർത്തികളെ പുറകോട്ട് തള്ളി അവന്റെ എൻഫീൽഡ്
''ഗുടു ഗുടാ ''ന്ന് മുന്നോട്ട് ...

പതിയെ
പോളിഷ്ഡ് നഖങ്ങളിലേക്ക് കണ്ണ് പൂഴ്ത്തി
നെടുകെയും കുറുകെയും വീണ കടിയടയാളങ്ങൾ തലോടവേ
അഞ്ച് തിരുമുറിവുകൾ അഥവാ അഞ്ച് പ്രണയങ്ങൾ എന്ന റിയലിസ്റ്റിക്ക് കഥ
എഴുതപ്പെടുന്നു.

അഞ്ച് തുടക്കങ്ങൾ
ഒരു നടുത്തുണ്ടം
ഒരേ ഒരു ഒടുക്കം .

സ്ഥല കാല സന്ദർഭ വ്യത്യാസങ്ങളോട് കൂടി
അഞ്ച് തുടക്കങ്ങളെ പൊലിപ്പിച്ചെഴുതണം .
(വായിക്കുന്നവനോ / വൾക്കോ പ്രേമിക്കാൻ മുട്ടണം )
ഒന്നും രണ്ടും യാദൃശ്ചികം
രണ്ടും നാലും ഉദാത്തം
മൂന്നും അഞ്ചും പൈങ്കിളി .

നടുത്തുണ്ടത്തിലേക്കെത്തുമ്പോൾ
തരം തിരിച്ചുള്ള പട്ടികകൾ വേണ്ട .
പല വഴികൾ താണ്ടി ഒറ്റ വാതിൽക്കലെത്തി
പോസ് അടിക്കുമ്പോൾ നില്ക്കുന്നവയാണ് അഞ്ചും .

ഒന്നാം പ്രണയത്തിൽ എല്ലാം പുതിയതാണ് .
പ്രണയികളെത്തി നില്ക്കുന്ന വിഷക്കനികളില്ലാത്ത പറുദീസ
മരണത്തിനേ നമ്മെ വേർപെടുത്താനാവു എന്ന വാക്കുകൾ
അവളെ നനയ്ക്കുന്ന അവന്റെ വിരലോട്ടങ്ങൾ
പങ്കു വെയ്ക്കപ്പെടുന്നതെന്തും ..
(കൈകൾ കോർക്കുമ്പോൾ പുറകിൽ റഫീക്ക് അഹമ്മദിന്റെ കവിത
"പ്രണയമേ നിന്നിലേക്ക്‌ നടന്നൊരാ വഴികൾ .....")

രണ്ടാം പ്രണയത്തിലും വീണ്ടും എല്ലാം പുതിയതാണ് .
മൂന്ന് ,നാല് ,അഞ്ചാമത്തേതിലും പുത്തൻ പുതുസ്സാണ് .

(മൊണോട്ടണിയെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്ന വായനക്കാരാ ..ക്ഷമിക്ക്
അഞ്ച് തവണ
ഇവിടെ ആവർത്തിക്കപ്പെടുന്ന
പറുദീസ / വാക്കുകൾ / കോലവും നിറവും മാറുന്ന വിരലുകൾ / കവിത
അഞ്ചും അഞ്ചാണ് .
ഓരോ തവണയും ''അത് പോലല്ല ഇത് ''എന്ന് തോന്നിപ്പിക്കുന്നത് .
എന്നാൽ ''അത് തന്നെയാണ് ഇത് ''എന്ന് ധ്വനിപ്പിക്കുന്നത് .)

ഇനിയുള്ളത് ഒരേ ഒരു ഒടുക്കം മാത്രമാണ് .
നല്ല സിംബോളിക്ക് ഒടുക്കം .
എനിക്ക് തോന്നുന്നത്
കൃത്യം പത്ത് പതിനഞ്ചിന് സ്റ്റാർട്ട് ചെയ്ത എൻഫീൽഡിന്റെ
''ഗുടു ഗുടാ " തന്നെ ആയിരിക്കണം അതിന്റെ അവസാന വരി .