മനുഷ്യരെ തിന്നുന്ന രത്നം

എം.ആര്‍. വിഷ്ണുപ്രസാദ്‌ 

വെളിച്ചം കയറ്റിയ വണ്ടികള്‍
കൂറ്റന്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ
ചിരിച്ച മുഖമുള്ളവരുടെ ശരീരവുമായി
നമ്മള്‍ താമസിക്കുന്ന നഗരത്തിലെ
സബ് വേയിലൂടെ കടന്നു പോകുന്നുണ്ട്.
തീര്‍ച്ചയായും അതിലൊരു മുഖം പരിചയമുള്ളതാവും.
എവിടെയെങ്കിലും വെച്ച് കണ്ടിട്ടുള്ളതാവും.
ശരിക്കും കണ്ട് കണ്ട് തഴമ്പിച്ചത്.
ചൂണ്ടുവിരലിന്‍റെ തോക്ക്
നെറ്റിയില്‍ ചേര്‍ത്തു വെച്ച്
ഓര്‍ത്തു നോക്ക്.
പള്ളിയില്‍
ബീച്ചില്‍
ബോക്സിങ്ങ് റിങ്ങിനുള്ളില്‍
കിടപ്പറയില്‍.

ഒന്ന്: ബീച്ചില്‍
ഒഴിവു നേരങ്ങളില്‍ നിന്ന്
ഒരു കടലിനെ കോരിയെടുത്ത്
മുന്നിലോട്ടു വെയ്ക്കുന്നു.
അതിന്‍റെ തീരത്തിരുന്ന് കണ്ണുകളില്‍
മീന്‍ നീന്തുന്നത് കണ്ടു കൊണ്ടിരിക്കെ
വലതുകയ്യില്‍ യന്ത്ര ബോട്ടിന്‍റെ നങ്കൂരവുമായി
ഒരുവള്‍ വലവീശി തിരിച്ചു വരുന്നു.
അവളുടെ മീന്‍ കുട്ടയില്‍ മനുഷ്യനെ
തിന്നുന്ന രത്നങ്ങളുണ്ട്.
എത്ര ഉരച്ചു നോക്കിയിട്ടും രത്നങ്ങള്‍ക്കുള്ളില്‍
ചിരിക്കുന്ന മുഖങ്ങള്‍ കണ്ടെത്താനാവുന്നില്ല.  
എല്ലാ മുഖങ്ങളും
മനസിലാകാത്തവണ്ണം
ഉറഞ്ഞുപോയ പരലുകളായിരിക്കുന്നു.
വെളിച്ചം കയറ്റി പോകുന്ന മീന്‍വണ്ടി
മനുഷ്യരെ തിന്നുന്ന രത്നങ്ങളുടെ കലവറയാണ്.

രണ്ട്: ബോക്സിങ്ങ് റിങ്ങിനുള്ളില്‍
തിരിച്ചറിയാനാകാത്ത വിധം പരിക്കുപറ്റിയ
നമ്മളിലാരോ ഒരാളുടെ ചോര
റിങ്ങില്‍ ചായം പൂശുമ്പോള്‍
പുറത്തേക്ക് കുതിക്കുന്ന ചുവപ്പിനെ
പൊതിയാന്‍ ഈ തൂവാലകള്‍ പോര.
പരസ്പരം മനസ്സിലാകുന്നില്ല.
നമ്മളില്‍ ആരോ ഒരാള്‍ക്ക്‌ അത്രമാത്രം പരിക്കുകളുണ്ട്.
മുന്‍പ് കണ്ടതു പോലല്ല.
തൊലിക്കുള്ളില്‍ നിന്ന് അസ്ഥികള്‍ ഏറുകണ്ണിടുന്ന
സായാഹ്നത്തില്‍ റിങ്ങിന്‍റെ മൂലയില്‍
സഹായികളില്ലാതെ ഏന്തിവലിഞ്ഞ്.
ഇല്ല.
പരിക്കുകള്‍ പറ്റിയ ഈ തൊലിക്കുള്ളില്‍
ചിരിക്കുന്ന ഒരു മുഖമില്ല.
ഈ മുഖം ഇതിനുമുന്‍പ് ഒരു മത്സരത്തിലും കണ്ടിട്ടില്ല.
ഈ ചിരി മറ്റാരുടേതോ ആണ്.
പല്ലുകളുടെ സ്ഥാനത്ത്
മനുഷ്യരെ തിന്നുന്ന രത്നങ്ങളാണ്.

മൂന്ന്‍: പള്ളിയില്‍
പ്രാര്‍ഥിക്കുന്നവരുടെ നട്ടെല്ലുകള്‍
നീളന്‍ മെഴുകുതിരികളാണ്.
കുനിഞ്ഞുപോയ തല
ഒരു ദിക്കിലേക്ക് മാത്രം വീശുന്ന
കാറ്റേറ്റ് ചരിഞ്ഞു കത്തുന്ന വെളിച്ചമാണ്.
കാറ്റിനെ ളോഹയ്ക്കുള്ളില്‍
ഒളിപ്പിച്ചാല്‍ എല്ലാം നേരെയാകുമോ?
പിതാവിന്‍റെയും
പുത്രന്‍റെയും
പരിശുദ്ധാത്മാവിന്‍റെയും
വിമാനങ്ങള്‍ കാറ്റ് നിറച്ച ബലൂണുകളായി.
കുനിഞ്ഞ മെഴുകുതിരികള്‍ തലപൊക്കിയിട്ടും
ആരെയും മനസിലാകുന്നില്ല.
പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച് പൊള്ളിപ്പോയ
മുഖങ്ങളാണെല്ലാം.
ചുണ്ടുകള്‍ ഉരുകി പോയതുകൊണ്ട്
ചിരിക്കാന്‍ പഴുതില്ലാത്ത ഒരു മുഖം
സബ് വേയുടെ രഹസ്യ അറയില്‍ വെച്ച്
ചുംബിക്കാനൊരുങ്ങും പോലെ.
ഇല്ല.
ഇനി ഉമിനീരിനു കുറുകെ പാലം പണിയാനാവില്ല.
കുനിഞ്ഞു നിന്ന് പ്രാര്‍ഥിക്കുന്നവരുടെ
മുഖങ്ങളില്‍ നിന്ന് ചുണ്ടുകള്‍ കുരുക്കില്ല.
രത്നങ്ങള്‍ ഛര്‍ദ്ദിക്കുന്ന ഈ മുഖം
ആര്‍ക്കും അറിയാന്‍ വഴിയില്ല.

നാല്: കിടപ്പറയില്‍
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍
നാല് പേരാകുന്നു.
പുണരുമ്പോള്‍ എട്ട്.
തിരിവിലും വളവിലും
പതിനാറ്
മുപ്പത്തിരണ്ട്
അറുപത്തിനാല് എന്നിങ്ങനെ.
ഹൃദയം ഒരു കോട്ടയാണെന്നും
അവിടുത്തെ നിലവറയില്‍
മനുഷ്യരെ തിന്നുന്ന രത്നങ്ങളുണ്ടെന്നും
നമ്മുടെ യുദ്ധം ശരീരത്തെ പിളര്‍ത്തുമെന്നും
വെളുക്കുവോളം വിയര്ത്തിട്ടും
തുറക്കാന്‍ പറ്റാത്ത നിലവറയ്ക്ക് മുന്നില്‍
ഓരോരുത്തരും മയങ്ങി വീഴുമെന്നും
നേരം പുലരുമ്പോള്‍ തമ്മില്‍ തിരിച്ചറിയാതെ
നീയാരാ
നീയാരാ
എന്ന്.