ജ്ഞാനത്തിന്റെ നാനാത്വ ഏകത്വങ്ങള്‍

രാജേഷ് ചിത്തിര

നന്നേ ചുവന്ന ഒരു സന്ധ്യയ്ക്ക്
പരസ്പരം നോക്കിയിരിക്കുന്നു.
പശു എന്നെയും ഞാന്‍ പശുവിനെയും.
നോക്കുന്നു,
ഞങ്ങള്‍ നോക്കിനോക്കി ഇരിക്കുന്നു.
അതേ നേരം,
ശബ്ദങ്ങള്‍ നേരത്തെ തന്നെ പടിയിറങ്ങിപ്പോയ
വീടിന്റെ ഉച്ചിയിലേക്ക് സൂര്യന്‍ ഇരുട്ട് കോരി നിറയ്ക്കുന്നു

നോക്കി നോക്കി ഇരിക്കെ പശു
എവിടെയോ മറന്നു വച്ച മന്ത്രങ്ങള്‍ തിരിച്ചെടുക്കുന്നു.
അത് ധ്യാനത്തിന്റെ ചില്ലകളിലെക്ക് തലയാട്ടുന്നു.
അക്ഷമ ഒരു നിമിഷ സൂചി പോലെ എന്നെ ചുറ്റുന്നു.

പയ്യേ, പയ്യേ നീയെന്താണിങ്ങനെ ചിന്തിച്ചുകൂട്ടുന്നത്?
പശു തലയാട്ടുന്നു.
ഉപേക്ഷിച്ചു പോന്നവയെ ഓര്‍ത്തെടുക്കുന്നു
ഒന്നാം ചലനത്തില്‍ പച്ചപ്പിനെ,
രണ്ടാം ചലനത്തില്‍ നനവിനെ
മൂന്നാം ചലനത്തില്‍  ഉണക്കിനെ

പശു ധ്യാനത്തിലേക്ക് വാലോടിക്കുന്നു.
മന്ത്രോച്ചാരണം തുടരുന്നു.
അക്ഷമ എന്റെ കിണറ്റിലെ കൊടും വേനലാവുന്നു.

പയ്യേ, പയ്യേ നീയെന്താണ് ഒന്നുറക്കെ  കരയാത്തത് ?
ധ്യാനത്തിന്റെ നൂലേണിയില്‍ നിന്ന് പശു
എനിക്ക് നേരെ കാതുകൂര്‍പ്പിക്കുന്നു.

മുറിവുകളില്‍ നിന്ന് ഒരു കാക്കയോട്
നനയാതെ നനയാതെ,യെന്നത് ചെവികൊട്ടുന്നു.
അതിന്റെ ഉടലില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടൊരു
തൊഴുത്ത് ചോര്‍ന്നൊലിച്ചു ഒഴുകിപോവുന്നു.

അതിന്റെ ഉടല്‍ നനവില്‍ എനിക്ക് പനിപിടിക്കുന്നു.
എന്റെ വിറയല്‍ പ്രയാണസൂചികള്‍ ആയി മൂര്‍ച്ഛിക്കപ്പെടുന്നു.

പയ്യേ, പയ്യേ നീയെന്താണ് അതിരുകളോളമെങ്കിലും ഓടിപ്പോവത്തത്?
വലിക്കും തോറും മുറുകുന്ന ഒരു കയറെന്നു
പശു കഴുത്ത് തിരിക്കുന്നു.
കുളമ്പുകള്‍ കൊണ്ട് മറന്നു വച്ച തീയതികളുടെ
ഒച്ച മാന്തിയെടുക്കുന്നു.
അതിന്റെ അകിടുകള്‍ ഒരു കിടാവിന്റെ
നെറ്റിമുട്ടലുകളില്‍ ചുരുങ്ങിച്ചുരുങ്ങി പോവുന്നു.
ചുരമാന്തലില്‍ അതിന്റെ അകിടുകള്‍
വീര്‍ത്തു  പൊന്തിവന്നു കൊണ്ടിരുന്നു..
പശു മെല്ലെ ധ്യാനത്തിലേക്ക് മിഴിയടയ്ക്കുന്നു.
മൌനം ഞങ്ങളുടെ ധ്യാനത്തിന്റെ ആകാശമാവുന്നു.

ഇരുട്ട് അതിന്റെ വലിയ പുടവകൊണ്ട്
ആ ആകാശത്തെയും ഞങ്ങളെയും പുതപ്പിച്ചു കഴിഞ്ഞിരുന്നു.
പശു അതിന്റെ കണ്ണുകളില്‍ നിന്ന് ഒരു പുഴയുടെ
ഓര്‍മ്മയെ ഒഴുക്കിക്കൊണ്ടിരുന്നു.
ആ പുഴ ഒരിക്കലും വറ്റിയിട്ടേയില്ലായിരുന്നു.
അതിന്റെ നനവ്‌ എന്റെ ഉപ്പുറ്റികളെ
മൃതശൈത്യത്തിന്റെ വേരുകളിലേക്ക് കുരുക്കിക്കൊണ്ടിരുന്നു.

കുടിച്ചു തീര്‍ത്ത  പുഴകളെ,
ചവച്ചു തീര്‍ത്ത കാടുകളെ തിരിച്ചു തരുന്നു.

പശു തന്നോടുതന്നെയെന്നപോലെ എന്റെ കാതിലേക്ക്
തന്റെ മുഖം ചേര്‍ത്തു; എന്നെ പിന്തുടരൂ.
ഒന്നാം തുള്ളിയില്‍ നിന്ന് മഴ ഭൂമിയിലേക്ക് ഇറങ്ങിവന്നു.
മഴത്തുള്ളികള്‍ പശുവിന്റെ കണ്ണുകളില്‍
മേഘങ്ങളായി ഉറഞ്ഞു തുടങ്ങി.
പെയ്തു തോരാത്ത ഒരു മേഘമെന്നു
അതിന്റെ ഉടല്‍ എന്നെ ചൂഴ്ന്നു നിന്നൂ.

ഒരാള്‍ ഗോബുദ്ധനാവുന്നത്..

മഴ പെയ്തു തോര്‍ന്ന ഭൂമിയില്‍
ആയിരം ഇതളുകളില്‍ കാതുകളും
അതിലേറെ ഇതളുകളില്‍ കണ്ണുകളും
അതിലേറെയേറെ ഇതളുകളില്‍ നാവുകളും
ബന്ധിക്കപ്പെട്ട ഒരു മരമായ്‌ ഞാന്‍ നില്ക്കു ന്നു.
ബന്ധനങ്ങളില്‍ നിന്നകന്നു പോവുന്ന
നിഴലുകളില്‍ നിന്ന് എന്റെ  തന്നെ
ഏകത്വനാനാത്വങ്ങള്‍
ജ്ഞാനത്തെ കണ്ടെടുക്കുന്നു.

=====

ഗന്ധമാരുതന്‍

പൂത്തു നില്‍ക്കുന്ന കള്ളിമുള്ളുകളില്‍ നിന്ന്
മരുപ്പച്ചകള്‍ കണ്ണുകളെ നനയിക്കുമെന്നു
ഒറ്റപ്പെട്ടവരുടെതായ ഒരു യാത്രയ്ക്ക് കൂട്ടാവുന്നു.
കാറ്റഴിച്ചു വിടപ്പെട്ട നാലുച്ചക്രങ്ങളില്‍
നമ്മള്‍ നഗരം കാണാന്‍ പുറപ്പെടുന്നു.
സഞ്ചരിക്കുന്നു എന്ന് ഞങ്ങള്‍ക്ക്
തിരിച്ചറിയാനാവാത്തത്ര വേഗത്തില്‍
യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.
മകള്‍ പറഞ്ഞു : നമുക്ക് ഇരുവശവും ഒന്നും ഓടിപ്പോവുന്നേയില്ലല്ലോ?
അമ്മ പറഞ്ഞു :
നിവര്‍ത്തിയിട്ട ഒരു പരമ്പിനെ, അതിന്റെ വേവുനോക്കുന്ന
                        വേനല്‍ക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നു ഇരു വശവും.
ഞാനോര്‍ത്തു : ഓരോ നേരവും പുഴുങ്ങി ഉണങ്ങലുകള്‍        
                            കൊണ്ട് പുതുക്കപ്പെടുന്നു

ഞങ്ങള്‍ക്കിടയില്‍ നേരം അതിനെ പുതുക്കിക്കൊണ്ടിരുന്നു.
ഞങ്ങള്‍ ആ നേരം ഞങ്ങളെ പുഴുക്കിപ്പുതുക്കിക്കൊണ്ടിരുന്നു.

ഇടയ്ക്ക് ഒരു വിടവ് കണ്ടെത്തി കാറ്റ് ഞങ്ങളെ തൊട്ടു.
ഞങ്ങള്‍ കാറ്റിനോട് പോകൂപോകൂയെന്നു ഉടലിളക്കി.
ഞങ്ങളുടെ വീടിന്റെ മണം ഞങ്ങള്‍ക്കിടയില്‍
വിതറി എപ്പോഴോ കാറ്റിറങ്ങിപ്പോയി.

മകള്‍ പറഞ്ഞു : കാറ്റിനു നമ്മുടെ വീട്ടിലെ ടാപ്പിന്റെ മണം
അമ്മ പറഞ്ഞു : കാറ്റിനു നമ്മള്‍ ഉപേക്ഷിച്ചു പോന്ന വീടിന്റെ ഗന്ധം.
ഞാനോര്‍ത്തു : ഓരോ നേരവും അതിന്റെ ഗന്ധത്തെ ഉപേക്ഷിക്കുന്നതെന്തോ അത് തന്നെ കാറ്റ്.

ഞങ്ങള്‍ കാറ്റിനെ മറന്നു.
ഞങ്ങള്‍ ജലത്തെ ഓര്‍ത്തു.
ഞങ്ങള്‍ വേഗത്തെ ഓര്‍ത്തു.
ഞങ്ങള്‍ ഞങ്ങളെ മറന്നു.

ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ട വീടായി.
ഞങ്ങള്‍ കടന്നു വന്ന വഴിയായി.