എതിർദിശയിൽ സീറ്റുകളുള്ള

നിസ്തുൽ രാജ്

പതിവിനു വിപരീതമായി
ഇത്തവണ
ഞാൻ കൂട്ടുവരുന്നു.
പതിവിനു പിന്നെയും വിപരീതമായി
ഓരോ വളവിലുംബ്രേക്ക് ഡൌണാകുന്ന
എൺപതുകളിലെ ഒരു വാഹനത്തിലാണ്
നമ്മുടെ സഞ്ചാരം.
പതിവിനെ
വീണ്ടും വിപരീതമാക്കാൻ
നമ്മളതിൽ പെട്രോളടിക്കാതിരുന്നു കൂട.

നിനക്കറിയാത്തതൊന്നുമല്ല,
ദേശീയ പാതയ്ക്ക്
തൊട്ടടുത്ത് വീടുകളുള്ളവർ
അവരവരുടെ തുണിത്തരങ്ങൾ
പാതയോട് ചേർത്തുകെട്ടിയ
അയക്കോലുകളിൽത്തന്നെ
ഉണക്കാനിടുന്നു.
അവിടങ്ങളിൽ നിന്നു മാത്രം
ദേശരാഷ്ട്രങ്ങളെ,
അതിലെ വൈമാനികരെ
കുഴക്കുന്ന കാറ്റടിക്കുന്നു.

കഴിഞ്ഞ തവണ
ഇതേ സിദ്ധാന്തത്തെപ്പറ്റി
നമ്മൾ രണ്ടുപേരും
പ്രത്യേകം പ്രത്യേകം
ഗവേഷണ പ്രബന്ധങ്ങൾ
എഴുതിയതാണ്.
ഒടുവിലൊടുവിൽ
മടുത്തുമടുത്ത്
എന്നൊക്കെപ്പറയേണ്ടി വരും പോലെ
ശരിക്കും മടുത്തുമടുത്ത്
ആ കടലാസുകളിലൊക്കെ
ടൊമാറ്റോ സോസുകൊണ്ട്
ശരിക്കും മുറിവു വരഞ്ഞതും
ചുണ്ടുകൾ കൊണ്ട്
അതൊക്കെ മരുന്നുവെച്ചു കെട്ടി
ഡോക്ടറേറ്റെടുത്തതും
അതും
ഇതും
ഉം.

2))സാമാന്യം നീണ്ട മറ്റൊരു ബ്രേക്ക്
ഡൗണിനു ശേഷം.
ദീർഘയാത്രയുടെ
തുകൽ സഞ്ചികളിൽ നിറയെ
മനം പിരട്ടലിനെ ഭയന്ന്
നീ പോളിത്തീൻ കവറുകൾ നിറയ്ക്കുന്ന
അതേ അവധാനതയോടെ
എന്ന പേരിൽ
ഒരു കവിതയ്ക്കുള്ള
സാധ്യതകളെത്രയാണീപ്പോക്കിൽ?

ഒരു കവിതക്ക്
പോസ് ചെയ്യുന്ന മട്ടിലാണ്
ഇരിപ്പും നോട്ടവുമത്രയും.

നിശ്വാസങ്ങൾ കൊണ്ട്
നിന്റെ വിമാനട്ടിക്കറ്റ്
നിനക്കുപോകേണ്ടിടത്തോളം
പറത്തിവിടാനുള്ള
അവസാനവട്ട ശ്രമങ്ങളിലാണ്
എന്നൊരുപക്ഷേ
ആ കവിതയിലെ
ആദ്യഭാഗത്ത്
എഴുതപ്പെട്ടേക്കും.

സാധാരണ ഇത്തരം സന്ദർഭങ്ങളിൽ
ഒരു കവിതയുടെ
സിംഹഭാഗവും
അപഹരിക്കുന്ന വിരഹം
ഇവിടെ ഉദിക്കുന്ന പ്രശ്നമേയില്ല.

ഒരുപക്ഷേ വല്ല പൂച്ചഭാഗമോ
കോഴിഭാഗമോ അപഹരിച്ചേക്കാനും മതി.

കവിതയുടെ
കാര്യമായതുകൊണ്ടാണ്...
വിമാനത്താവളത്തിലേക്കെടെടാ വണ്ടി
എന്നൊക്കെ
അതിനോടു പറഞ്ഞാൽ
ആറൻമുളയിലേക്കോ മറ്റോ വിടും.

ദുഃഖം അതിൻറെ ഇൻട്രോസീനിലേക്ക്
എടുത്തുവെക്കുന്നു നമ്മളെ
എന്നൊക്കെപ്പറഞ്ഞാൽ
അതിന് മനസ്സിലാകുമോ എന്തോ

എന്തോ. ഏതോ.